Monday, 16 May 2011

കഥ: ഇലകൊഴിയും പോലെ ....

കുതിച്ചു വന്നെത്തുന്ന കൊടുങ്കാറ്റു  പോലെയും  ഇളക്കി മറിയുന്ന ഭുകമ്പം പോലെയുമായിരുന്നു പലരുടെയും കടന്നു വരല്‍ .ഓട്ടോ മാറ്റിക് ക്ലോസ്സിങ്ങുള്ള വാതില്‍ ഉണ്ടാക്കുന്ന ശബ്ദം അതിലൂടെ  കടന്നു വരുന്നവരുടെ സ്വഭാവത്തിനനുസരിച്ചു വായിക്കാനായിരുന്നു എനിക്കിഷ്ടം. മിനുട്ടുകളുടെ നിരീക്ഷണത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന  വിധത്തിലായിരുന്നു ഉള്‍കാംബില്ലാത്ത അവരുടെ സ്വഭാവം.അല്പനേരത്തെ ശാന്തതയില്‍ ഒരിളം തെന്നലിന്റെ സംഗീതം പോലെ ആ വാതില്‍ വീണ്ടും ശബ്ദിച്ചു.
ഏതോ  ആഴത്തിലുള്ള ചിന്തയില്‍ മനസ്സിനെ തള്ളിയിട്ടു ,മുഖത്ത് നിസ്സഹായമായ ഒരു ചിരിയില്‍ എല്ലാം ഒതുക്കികൊണ്ട് വെളുത്തു  മെല്ലിച്ച ഒരു സുന്ദരി ...ചുണ്ടില്‍  കടുത്ത ചായങ്ങളില്ലാതെ ..കയ്യില്‍ ഭാരമുള്ള മോതിരങ്ങളില്ലാതെ.... തോളില്‍ തറവാടിത്തം  തോന്നിക്കുന്ന ഒരു ബാഗും ഫയലുമായി   എല്ലാവര്‍ക്കും  സുഗന്ധം  പരത്തുന്ന പുഞ്ചിരി സമ്മാനിച്ച്‌ കൊണ്ട് അവള്‍ വന്നു,സ്റ്റാഫ്‌ റൂമിലെ ടീ കോര്‍ണറിലേക്ക് . ഒരുകപ്പ് ചായയുമായി മേശക്കരികിലേക്ക് വന്ന അവള്‍ ഇരിക്കാനായി കസേര എടുക്കുന്നതുപോലും ഒരു ജീവനുള്ള വസ്തുവിനെ എടുക്കുന്നത് പോലെയായിരുന്നു .ആരെയും പ്രത്യേകമായി  നോക്കാതെ  എന്നാല്‍ ആരെയും ഒഴിവക്കതെയുള്ള അവളുടെ  സമീപനം എന്നെ വല്ലാതെ അവളിലേക്ക്  ആകര്‍ഷിച്ചു.ഒരു നിമിഷം..അല്ലെങ്കില്‍ അതിനെക്കാള്‍ കുറച്ചു സമയം അവിടെയുള്ള എല്ലാ കൊടുങ്കാറ്റും ഭൂകമ്പങ്ങളും എന്നെപ്പോലെ   അവളെയും ശ്രദ്ധിച്ചിരുന്നു.പക്ഷെ  ശ്രദ്ധിക്കപ്പെടാനായി  അവളൊന്നും ചെയ്തിരുന്നില്ല  എന്നതാണ് സത്യം ..എന്റെ ചിന്ത മറ്റൊന്നായിരുന്നു- എന്തായിരിക്കും അവളെ ശ്രദ്ധിച്ചപ്പോള്‍ അവര്‍ക്കവളോട് തോന്നിയ വികാരം ..?എന്നെപ്പോലെ ആകാംക്ഷ!?. അതോ പുച്ഛമോ? വെറുപ്പ് ,കുശുമ്പ് ഇതിലെന്തെങ്കിലും ....? എന്തൊക്കെയായാലും പ്രകടമായ ഒരു ഭാവങ്ങളും അവരുടെ മുഖത്ത് വരാതിരിക്കാന്‍ അവര്‍ നന്നായ് പരിശ്രമിച്ചു .അബദ്ധത്തില്‍ പോലും ഒരു പുഞ്ചിരി വരാതിരിക്കാന്‍ അവര്‍ നന്നേ ശ്രമിക്കുന്നതായി തോന്നി.  ..ആ  കാര്യത്തില്‍  അവര്‍ ഒരേ സര്‍വകലാശാല ബിരുദധാരികളണെന്ന്    തോന്നും.പക്ഷെ ഇതൊന്നും  അവളില്‍ പ്രതിഫലനമുണ്ടാക്കുന്നില്ല.തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, അനുതാപത്തിന്റെ ഒരു നോട്ടത്തിനു പോലും കാത്തുനില്‍ക്കാതെ അവള്‍  നീങ്ങി ..ഘോര വനത്തിന്റെ കഠിന ഭാവങ്ങളറിയാതെ ഒഴുകുന്ന അരുവിപോലെ അവളുടെ മന്ദഹാസം അവിടെ ഒഴുകിക്കൊണ്ടിരുന്നു .പക്ഷെ നിമിഷങ്ങള്‍ക്കൊണ്ട് എനിക്കറിയാന്‍ കഴിഞ്ഞു , ആ ഒഴുക്ക് ഒരു രക്ഷപ്പെടലയിരുന്നുവെന്നു  , ആര്‍ക്കും പിടിതരാതിരിക്കാന്‍,ആരുടേയും സഹതാപം തനിക്കു നേരെ തിരിയാതിരിക്കാന്‍..അത് വായിച്ചെടുക്കാന്‍ പരസ്പ്പരം കൂട്ടിമുട്ടിയ ഞങ്ങളുടെ ആദ്യ നോട്ടം തന്നെ മതിയായിരുന്നു ...ഒരു  കാമറാ കാഴ്ചകള്‍  ഒപ്പിയെടുക്കുന്ന ചടുലതയോടെ എന്റെ കണ്ണുകള്‍   അവളുടെ കണ്ണുകളില്‍  ഒളുപ്പിച്ചു വെച്ച ആര്‍ദ്രത ഒപ്പിയെടുത്തു.ആ കണ്ണില്‍ തിളങ്ങുന്ന നനവ്‌ പ്രകൃതിദത്തമായ ഉറവയല്ലെന്നും അവള്‍ ശ്രമപരമായ് തടഞ്ഞു വെച്ച ഒരു വന്‍ അണക്കെട്ടിന്റെ അനുവാദമില്ലാത്ത കനിയലാണെന്നും  മനസ്സിലായെങ്കിലും   ഒരഗ്നിപര്‍വതം  തന്നെ മനസ്സില്‍ ചുമക്കുന്ന അവള്‍ എങ്ങനെ ഇത്ര മനോഹരമായി ചിരിക്കുന്നു എന്ന് പലതവണ ആലോചിച്ചുനോക്കി.  എത്രമാത്രം ഹൃദ്യമായാണ് ആദ്യമായ് കാണുന്നവര്‍ക്ക് പോലും ആ ചിരി അനുഭവിക്കാനാകുന്നത്? .അനുഭവങ്ങള്‍ പകപ്പെടുത്തിയതാണ് അവളയെങ്കില്‍   ഇവിടെ മനശ്ശാസ്ത്രം ദയനീയമായി പരാജയപ്പെടുന്നു. അവരുടെ വാദമനുസരിച്ച് .കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നവര്‍  പിരിമുറുക്കം ഉള്ളവരും ആ സ്വഭാവം പ്രതിഫലിപ്പിക്കുന്നവരുമാവും .
തിന്നും കുടിച്ചും വീട്ടിലിരുന്നു മടുത്തപ്പോള്‍ ബോറടി മാറ്റാന്‍ ചുണ്ട് നിറയെ ചായവും കൈ നിറയെ മോതിരങ്ങളും അണിഞ്ഞു വന്നിരിക്കുന്ന കൊച്ചമ്മ ടീച്ചര്‍മാര്‍ക്കിടയിലോന്നും ഒരിക്കലും കണ്ടിരുന്നില്ല  ശാന്തതയുടെ ഈ മന്ദഹാസം ..അവരുടെ ചിരിപോലും ഒരുതരം യക്ഷികളുടെ അട്ടഹാസം പോലെയാണ് അനുഭവപ്പെടുന്നത്.
ഫ്രീ സമയങ്ങള്‍ അവര്‍ക്ക് കുശുമ്പ് പറയാനും തിന്നാനും മാത്രമാണ് ..ചിലപ്പോ തോന്നും ദൈവം ഇത്രയും അനുഗ്രഹം  കൊടുത്തിട്ടും ഇവരെന്തിനു ഒരു മനുഷ്യായുസ്സ് ഇങ്ങിനെ  വെറുതെ പറഞ്ഞും ചിരിച്ചും തീര്‍ക്കുന്നുവെന്ന്.. 

2 comments:

  1. ജീവിതം കൈവിട്ടുപോകുന്ന നിമിഷത്തോടൊപ്പം നഷ്ടപ്പെടുന്നത് സാക്ഷാല്‍ ജീവിതം തന്നെ................'ഇല കൊഴിയുംപോലെ' നന്നായിട്ടുണ്ട്.

    ReplyDelete