Monday, 23 May 2011

പരസ്യങ്ങള്‍ക്ക് ആര് മണികെട്ടും ?

വിവിധ മാധ്യമങ്ങളിലൂടെ ഒരു ശരാശരി മലയാളിയുടെ മുന്നില്‍  ദിനംപ്രതി വന്നു നിറയുന്ന പരസ്യങ്ങള്‍ നിരവധിയാണ്.പത്ര പ്രസിദ്ധീകണങ്ങളിലൂടെയും വാതില്‍പ്പുറ വിളംബരങ്ങളിലൂടെ യുമാണ്‌  ആദ്യ കാലത്ത് പരസ്യങ്ങള്‍ പ്രധാനമായും  ജനങ്ങളിലേക്കെത്തിയിരുന്നതെങ്കിലും ടെലിവിഷന്‍ ,റേഡിയോ ,ഇന്റര്‍നെറ്റ്‌ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളും ഇന്ന് മുന്‍പന്തിയിലുണ്ട്. എന്നാല്‍ ,പരസ്യങ്ങള്‍ ഉപഭോക്താക്കളെ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നുണ്ട്  എന്ന് നിരീക്ഷിച്ചറിയാനും  നടപടികളെ ടുക്കാനുമുള്ള സംവിധാനങ്ങള്‍ ഒട്ടുംപര്യാപ്തമല്ല.  Advertising Standerd Council of India( ASCI )എന്ന പേരില്‍ ഒരു   സ്വയം നിയന്ത്രണ സംവിധാനം നിലവിലുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ല. പലപ്പോഴും മാധ്യമങ്ങള്‍ തന്നെ മനോധര്‍മമനുസരിച്ച്  ഒരു സ്വയം നിയന്ത്രണം പിന്തുടരുകയാണ് പതിവ്. വളരെ അപൂര്‍വമായി മാത്രമേ വാര്‍ത്താ വിതരണ മന്ത്രാലയം ഈ വിഷയത്തില്‍ ഇടപെടാറുള്ളൂ. 
                      പരസ്യങ്ങള്‍ കാണാനും കേള്‍ക്കാനും അറിയാനുമുള്ള അവകാശം ഭരണഘടനാ പരമായ   പൗരാവകാശങ്ങളില്‍ ഉള്‍പെട്ടതാണ്. എന്നാല്‍ ഈ അവകാശം മുന്‍ നിര്‍ത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം ചെയ്യുന്നതിന് നിയമപരമായി വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ നിയമം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍  വ്യവസായികളെയും ബിസിനസുകരെയും മാധ്യമങ്ങളെയും എല്ലാം ഉള്‍പ്പെടുത്തി Advertising Standerd Council of India( ASCI )ക്ക്  രൂപം നല്‍കിയത്. ഇതനുസരിച്ചു അമിതമായ ലാഭക്കൊതി വെച്ചു കൊണ്ടോ മറ്റു താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയോ മാധ്യമങ്ങള്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നതും നുണകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് (Article-19/1/A). 
അമൂല്‍ മച്ചോവിന്റെ നിരോധിക്കപ്പെട്ട പരസ്യത്തിന്റെ സ്റ്റില്‍ .

'പറയാനും കേള്‍ക്കാനും വായിച്ചറിയാനും  സ്വീകരിക്കാനുമുള്ള അവകാശം' ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുമ്പോള്‍ തന്നെ, വ്യാജവും വഴി തെറ്റിക്കുന്നതുമായ പരസ്യങ്ങള്‍ ഈ ആര്ട്ടിക്ക്ള്‍  പ്രകാരം വിലക്കിയിട്ടുണ്ട്. വാണിജ്യ പരമായ പ്രചാരണമാണ് ഇവിടെ ഉദേശിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇതിന്റെ അതിര്‍വരമ്പുകള്‍ കൃത്യമായി നിര്‍വചിക്കുക പ്രയാസകരമാണ്. അതുകൊണ്ടാണ് മാധ്യമങ്ങളും ASCI-യും സ്വയം നിയന്ത്രണ മാനദണ്ഡം അനുസരിച്ചു തന്നെ പ്രവര്‍ത്തിക്കട്ടെ എന്ന് സര്‍ക്കാരും തീരുമാനിച്ചത്.1960-ലെ ഇന്ത്യന്‍ പീനല്‍കോഡ്  അനുസരിച്ചു അശ്ലീലം ജനിപ്പിക്കുന്ന കാര്യങ്ങളും ദ്രിശ്യങ്ങളും പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ  കുറ്റമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ആര്‍ട്ടിക്കിള്‍ 2(ii) വഴി ഈ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി മാധ്യമങ്ങളുടെ  സ്വയം നിയന്ത്രണത്തിനു വിട്ടു കൊടുക്കുകയായിരുന്നു.ഒട്ടേറെ അശ്ലീല പ്രസിദ്ധീകരണങ്ങള്‍ നമ്മുടെ ന്യൂസ് സ്റ്റാന്റുകളില്‍ പരസ്യമായി തൂങ്ങിക്കിടക്കുന്നതിനുള്ള കാരണം ഈ ഭേദഗതിയാണെന്ന് ഓര്‍ക്കുക. കോഡ് ഓഫ് സെല്‍ഫ് റെഗുലെഷന്‍  നടപ്പിലാക്കുക വഴി പരസ്യങ്ങളുടെ സത്യസന്ധതയും ഉത്തര  ഉത്തരവാദിത്തവും മാധ്യമങ്ങളുടെ തന്നെ ബാധ്യതയാക്കി മാറ്റുകയാണ് ചെയ്തത്. വിപണിയിലെ ആരോഗ്യകരമായ മത്സരത്തിനു വഴിയൊരുക്കിക്കൊണ്ട് സാമ്പത്തിക വികസനം എളുപ്പമാക്കുക എന്ന സദുദ്ദേശവും  ഈ തീരുമാനത്തിന് പിറകിലുണ്ടായിരുന്നു. ചുരുക്കത്തില്‍ , ഏതെങ്കിലും ഉത്പന്നത്തെ കുറിച്ചോ സേവനത്തെ കുറിച്ചോ ജനങ്ങളെ അറിയിക്കുക എന്ന ഭരണഘടനാ പരമായ ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്‌. അതെസമയം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനവും ASCI -ഉറപ്പു തരുന്നു. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചു നടപെടിയെടുക്കാനുള്ള ബാധ്യത ASCI-.യില്‍ നിക്ഷിപ്തമാണ്. 2007-ല്‍  അമൂല്‍ മാച്ചോ പുറത്തിറക്കിയ Lexcozy അടിവസ്ത്രത്തിന്റെ പരസ്യം, വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത് ഇതിനുള്ള തെളിവാണ്. സ്ത്രീകളുടെ മന്യതയെയും  സാമൂഹ്യ പദവിയെയും അവഹേളിക്കുന്നു എന്ന കാരണത്താലാണ് ഈ പരസ്യത്തിനു വിലക്ക് കല്പിച്ചതു. ഇത്തരം ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടി എടുക്കാതെ സ്വയം നിയന്ത്രണമെന്ന നാമമാത്ര നിയമം  കടലാസില്‍ തന്നെ ഒതുങ്ങി കൂടുകയാണ് പതിവ്. റെയില്‍വേ  പ്ലാറ്റ്ഫോമുകളിലും തീവണ്ടി  കംബാര്‍ടുമെന്റുകളിലും കാണുന്ന പരസ്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. പൈല്‍സ്, മറ്റു രഹസ്യ രോഗങ്ങള്‍ എന്നിവക്കുള്ള ഔഷധങ്ങളുടെ  പരസ്യങ്ങളാണ് ഇതില്‍ കൂടുതലും. ഉല്പന്നം കയ്യിലേന്തി നില്‍ക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രം സഹിതമാണ് ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. മെഡിക്കല്‍ കൌണ്‍സിലിന്റെ കോഡ് ഓഫ് എത്തിക്സ് പ്രകാരം ഇത്തരം പരസ്യങ്ങളില്‍ ഡോക്ടര്‍മാര്‍ ഭാഗ വാക്കാവുന്നതും പോസ് ചെയ്യുന്നതും നിയമ വിരുദ്ധമാണ്. ഡോക്ടര്‍മാര്‍ അവരുടെ സേവനമോ ഏതെങ്കിലും ഉത്‌പന്നമോ പരസ്യം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അയാള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും യഥാര്‍ത്ഥ ഡോക്ടര്‍മാര്‍ ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നതിന്റെ പേരില്‍ പരസ്യം നിരോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികാരമുണ്ട്‌. എന്നാല്‍ റെയില്‍വേ മന്ത്രാലയം ഇങ്ങിനെയൊരു നടപടി സ്വീകരിച്ചതായി ഇതുവരെ റിപ്പോര്‍ട്ട്കളൊന്നും  വന്നിട്ടില്ല. 
                           1954-ലെ Drugs and Magic Remedies അനുസരിച്ചു രോഗ നിര്‍ണയം, ചികിത്സാ രീതികള്‍ , ചില പ്രത്യേക ഇനത്തില്‍ പെട്ട രോഗശമന ചികിത്സാ രീതികള്‍ എന്നിവ പരസ്യം ചെയ്യാന്‍ പാടില്ല. കാന്‍സര്‍ ,അമിത വണ്ണം, ലൈംഗികവന്ധ്യത, ലൈംഗിക ഉത്തേജനം എന്നിവക്കുള്ള മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. ഇതിനു വിപരീതമായി ഇത്തരത്തില്‍പെട്ട നൂറു കണക്കിന് പരസ്യങ്ങളാണ് പത്രങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലുമായി  ദിവസവും പ്രത്യക്ഷപ്പെടുന്നത്.DMRA.പ്രകാരം, ഇത്തരം നിയമ ലംഘനങ്ങള്‍ വിചാരണ അര്‍ഹിക്കുന്ന കുറ്റങ്ങളാണ്. ഇത്തരം പരസ്യങ്ങള്‍ നിര്‍ബാധം പ്രചരിപ്പിക്കുന്ന പത്ര പ്രസിദ്ധീകരണങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും കാര്യം അവിടെ നില്‍ക്കട്ടെ. ഉപഭോക്ത്ര്‍ സമിതികള്‍ ഉള്‍പെടെ മിക്ക ആളുകള്‍ക്കും ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ചു വേണ്ടത്ര അറിവില്ല എന്നതാണ് ദൌര്‍ഭാഗ്യകരം. എങ്കില്‍ പിന്നെ ASCI എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന് ചോദിക്കാം. ബിസിനസുകാരും വ്യവസായികളും ഉള്‍പെട്ട ഈ സ്വയം നിയന്ത്രണ സംവിധാനം ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കണ്ണ് തുറക്കത്തത്ഇതിന്റെയൊക്കെ ആത്യന്തിക നേട്ടങ്ങള്‍ പങ്കു വെക്കുന്നത് അവര്‍ തന്നെ ആയതു കൊണ്ടാണ്.
                          ജനപക്ഷത്തു നിന്ന് കൊണ്ട് മാധ്യമ ധര്‍മം നിര്‍വഹിക്കും  എന്ന് വായനക്കാര്‍ക്ക്‌ അടിക്കടി ഉറപ്പു നല്‍കുന്ന ചില പത്രങ്ങളുടെയും പോക്ക് ഈ വഴിക്ക് തന്നെയാണെന്നതിനു തെളിവാണ് 18.10.2010-നു പുറത്തിറങ്ങിയ മാധ്യമം ദിനപ്പത്രം. അന്നേ ദിവസം ധാത്രി ഹെര്‍ബല്‍ കപ്സ്യൂളിന്റെതായി ഒന്നാം പേജില്‍ പ്രാധാന്യത്തോടെ വന്ന പരസ്യം വാര്‍ത്ത അല്ലെന്നു തിരിച്ചറിയാന്‍  അതിവിദഗ്ദ്ധരായ വായനക്കാര്‍ക്ക്‌ മാത്രമേ കഴിയൂ. മറ്റു പ്രധാന വാര്‍ത്തകളില്‍ നിന്ന് വിഭിന്നമായി,വരികള്‍ക്കിടയിലെ ലീഡ് അല്പമൊന്നു  അകറ്റിക്കൊടുത്തത് മാത്രമാണ് ഈ പരസ്യത്തെ വാര്‍ത്തയില്‍ നിന്ന് വേര്‍പെടുത്തുന്ന ഒരേയൊരു സൂക്ഷ്മ വ്യതിയാനം.ഭൂരി പക്ഷം വായനക്കാരെയും തെറ്റിധരിപ്പിക്കുക എന്ന ദൌത്യം ഈ പരസ്യവും ഭംഗിയായി നിര്‍വഹിച്ചു എന്നര്‍ത്ഥം. സാധാരണ ഇത്തരം പരസ്യങ്ങള്‍ കൊടുക്കുമ്പോള്‍ താഴെ സൂക്ഷ്മ രൂപത്തില്‍ ചേര്‍ക്കാറുള്ള Adertisement-എന്ന ഉപചാരം പോലും മാധ്യമം വിട്ടുകളഞ്ഞു.(കോപ്പി കയ്യിലുള്ളവര്‍ക്ക് പരിശോധിക്കാം)  വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു ധാത്രിയുടെ  കച്ചവടം ഉറപ്പാക്കുക എന്ന ദൌത്യം തന്നെയാണ് ഈ പത്രവും ഇതിലൂടെ  നിര്‍വഹിച്ചത്.  
                        സ്വയം നിയന്ത്രണമെന്ന പൊതു മാനദണ്ഡം വേണ്ടത്ര ഫലപ്രദമല്ല  എന്ന് തന്നെയാണ് ഇതെല്ലം തെളിയിക്കുന്നത്. പരസ്യങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും സ്വയം നിയന്ത്രണമെന്ന നിയമം  കൃത്യമായി പാലിക്കുന്നില്ല. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം? സാമൂഹിക പ്രവര്‍ത്തകരെയും സാംസ്‌കാരിക- മനുഷ്യാവകാശ പ്രവര്‍ത്തകരെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സ്വതന്ത്ര ബോഡിയെയാണ് ഇതിന്റെ ചുമതല ഏല്പിക്കേണ്ടത്. അതുവരെ പരസ്യങ്ങളിലെ ചതിക്കുഴികളെയും അതിര്‍വരമ്പുകളെയും കുറിച്ചു നല്ല ബോധ്യമുള്ളവര്‍ ഒന്നുമറിയാത്ത പാവം ഉപഭോക്താക്കളെ പരസ്യങ്ങളുടെ ചതിക്കുഴിയില്‍ നിന്ന് രക്ഷിക്കുക എന്ന ചുമതല സ്വയം  ഏറ്റെടുക്കട്ടെ. ഈ കുറിപ്പിന്റെ ഉദ്ദേശവും അതുതന്നെയാണ്.  
(2010)

6 comments:

 1. നന്നയിരിക്കുന്നു
  നജ്മാത്ത................ പ്രതികരിക്കാനുള്ള നല്ല വേദിയാണ് ബ്ലോഗുകള്‍ ...........

  ReplyDelete
 2. valare nannaayi.....ithokke ivide aaru nokkunn?namukkum kittanam panam......

  ReplyDelete
 3. നജ്മ താങ്കളുടെ പോസ്റ്റ് നന്നായിട്ടുണ്ട് മാധ്യമം തെറ്റ് തിരുത്തമെന്ന് വിചാരിക്കുന്നു..

  ReplyDelete
 4. നജ്മ നിങ്ങള് ആറ് മാസത്തെ പത്രം പരതിയിട്ട് മാധ്യമത്തില് വന്നത് മാത്രം സെലക്ട് ചെയ്തതിന് പിന്നില് മാധ്യമം ജനങ്ങള്കൊപ്പം എന്നും നില്ക്കണം എന്ന നിര്ബന്ധബുദ്ദിയാണന്ന് വിശ്വസിച്ചോട്ടെ.........?

  ReplyDelete
 5. നജ്മ എന്താണ് മറുപടിയൊന്നും കാണുന്നില്ല തീര്ച്ചയായും മറുപടി പ്രതീക്ഷിക്കുന്നു.

  ReplyDelete